തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ചിറയിൻകീഴ് കടവ് പാലത്തിന് സമീപത്താണം സംഭവം. ഓട്ടോഡ്രൈവറായ ബാബുവിന്റെ വീട്ടിന് നേരെയായിരുന്നു ആക്രമണം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറുമാണ് കത്തിനശിച്ചത്.
അജ്ഞാതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് ബാബുവിന്റെ വീട് അന്വേഷിച്ച് ബൈക്കിൽ ചിലർ എത്തിയിരുന്നു. ഇതാണോ ബാബുവിന്റെ വീടെന്ന് ചോദിച്ചവർ ഫോൺ നമ്പറും അന്വേഷിച്ചിരുന്നതായി കണ്ടെത്തി.















