കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഡിസംബർ എട്ടിലേക്കാണ് കോടതി ജാമ്യാപേക്ഷ മാറ്റിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ചയാണ് പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബോർഡിലെ മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിലെ ജാമ്യാപേക്ഷയിലെ വാദം. ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്ന് ഹർജിയിൽ പറയുന്നു. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണെന്നും പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
നവംബർ 20 നാണ് പത്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതിനിടെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യാനായി എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യാപേക്ഷ നീട്ടിയതോടെ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ ജയിൽ വാസവും നീളും. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് പത്മകുമാറിനെ പാർപ്പിച്ചിരിക്കുന്നത്.















