ഇസ്ലാമാബാദ്: പത്രസമ്മേളനത്തിനിടെ വനിതാ പത്രപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ശേഷം കണ്ണിറുക്കിയതിന് പാകിസ്ഥാൻ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിക്കെതിരെ വ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ക്ലിപ്പിൽ, ജയിലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള ആരോപണങ്ങളിൽ മാദ്ധ്യമപ്രവർത്തക അബ്സ കോമളിന്റെ ചോദ്യത്തിലാണ് അഹമ്മദ് ഷെരീഫിന്റെ മറുപടി.
“ദേശീയ സുരക്ഷയ്‌ക്ക് ഭീഷണി”, “രാഷ്‌ട്രവിരുദ്ധൻ”, “ഡൽഹിയുടെ കളിപ്പാവ” എന്നിങ്ങനെയാണ് ഇമ്രാൻ ഖാനെ കുറിച്ച് സൈനിക വക്താവ് പരാമർശിച്ചത്. മുമ്പുള്ള ആരോപണങ്ങളല്ലാതെ മറ്റ് എന്തെങ്കിലുമുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തക വീണ്ടും ചോദിച്ചു. ഇമ്രാൻ ഖാൻ ഒരു മാനസിക രോഗി കൂടിയാണെന്ന് പറഞ്ഞാണ് കോമളിനെ നോക്കി ഉദ്യോഗസ്ഥൻ കണ്ണിറുക്കിയത്. ഈ സംഭവം അന്താരാഷ്‌ട്ര നയതന്ത്ര തലത്തിൽ തന്നെ പാകിസ്ഥാനെ കാര്യമായി ബാധിച്ചുകഴിഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഹമ്മദ് ഷെരീഫിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്.















