കൊല്ലം: ശബരിമല സ്വർണക്കൊളള കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും പ്രായം പരിഗണിക്കണം എന്നതുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതും മിനുട്‌സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ് എന്നാണ് പത്മകുമാർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
നവംബർ 20 നാണ് പത്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നവംബർ 29 നാണ് പ്രതി ജാമ്യഹർജി നൽകിയത്. എന്നാൽ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു. ഇന്ന് ഹർജി തള്ളിയതോടെ പത്മകുമാറിന്റെ ജയിൽവാസം മൂന്നാഴ്ച കടന്നു. നിലവിൽ ദ്വാരപാലക സ്വർണപാളി കേസിൽ റിമാൻഡിലാണ് പത്മകുമാർ. ഈ കേസിലും പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. കേസിൽ മറ്റ് പ്രതികൾക്കും കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഡിസംബർ 18 ന് ഹർജി പരിഗണിക്കും.















