ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് മൂന്ന് അപ്പാച്ചെ ഹെലികോപ്റ്റർ കൂടി വാങ്ങി ഇന്ത്യ. ഗാസിയാബാദിലെ ഹിൻഡോൺ വ്യോമതാവളത്തിലാണ് അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകൾ എത്തിയത്. 15 മാസത്തെ കാലതാമസത്തിന് ശേഷം ജൂലൈയിലാണ് മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്.
പടിഞ്ഞാറൻ അതിർത്തിയിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ തയാറാക്കിയിരിക്കുന്നതാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ. പറക്കുന്ന ടാങ്ക് എന്നാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിശേഷിപ്പിക്കുന്നത്. അത്യാധുനികമായി നിർമിച്ച മൾട്ടിറോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നാണിത്.
അരിസോണയിലെ മേസയിലാണ് ഹെലികോപ്റ്ററുകൾ നിർമിച്ചത്. യുഎസ് സൈന്യത്തിന്റെ ആക്രമണ കപ്പലിന്റെ പ്രധാന കേന്ദ്രമാണ്. ഹെൽഫയർ മിസൈലുകൾ, 70 എംഎം റോക്കറ്റുകൾ, 30 എംഎം ചെയിൻ ഗൺ എന്നിവ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.
2020-ൽ യുഎസുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായി, 2024 മെയ്-ജൂൺ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു.















