ചെന്നൈ: ഡിഎംകെ ദുഷ്ട ശക്തിയാണെന്ന് നടനും ടി വി കെ നേതാവുമായ വിജയ്. കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ടിവികെ നേതാവ് വിജയ്. ഇന്ന് ഉച്ചയ്‌ക്ക് ഈറോഡിൽ നടന്ന റാലിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിജയ് തുടക്കം കുറിച്ചു. തമിഴകത്തെ ഭരണകക്ഷിയായ ഡിഎംകെയെ ദുഷ്ട ശക്തിയെന്നും തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) ശുദ്ധമായതെന്നുംവിജയ് വിശേഷിപ്പിച്ചു.
അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ സി.എൻ. അണ്ണാദുരൈയും എം.ജി.ആറും ആരുടെയും വ്യക്തിഗത സ്വത്തല്ലെന്ന് ,വിജയ് പറഞ്ഞു, അവരുടെ പേര് ഉപയോഗിച്ചതിന് ആർക്കും പരാതിപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ക്രമസമാധാനപാലനം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടെന്നും വിജയ് ആരോപിച്ചു.ഡിഎംകെ പ്രധാന രാഷ്‌ട്രീയ ശത്രുവാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ സഖ്യങ്ങളൊന്നും ഉണ്ടാകില്ലെന്നും വിജയ് പറഞ്ഞു.
റാലിയിൽ പങ്കെടുത്ത ജനക്കൂട്ടവുമൊത്തുള്ള ഒരു സെൽഫി വീഡിയോ വിജയ് തന്റെ എക്സ് പേജിൽ”നന്ദി ഈറോഡ്” എന്നുള്ള തലക്കെട്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.















