ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദീപു ചന്ദ്രദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. അതേസമയം, ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധത്തിനെതിരെ വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്തത ബംഗ്ലാദേശ് മാദ്ധ്യമങ്ങളെയും വിദേശകാര്യമന്ത്രാലയം വിമർശിച്ചു. പ്രതിഷേധത്തിൽ 25 പേർ മാത്രമാണ് പങ്കെടുത്തതെന്നും ഹൈക്കമ്മീഷന് അകത്ത് കടക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
ബംഗ്ലാദേശിൽ ക്രമാസമാധാനം തകരുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഹൈക്കമ്മീഷന് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
മൈമെൻസിംഗിലെ ഒരു തുണി ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദീപു ചന്ദ്ര ദാസാണ് ( 30 ) ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. മുസ്ലീം മതത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചു. കൊലപാതകത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















