പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറിയുടമ ഗോവർദ്ധനുമായും വർഷങ്ങളുടെ ബന്ധമെന്ന് കണ്ടെത്തൽ. 2009 മുതൽ സ്വർണക്കാെള്ളയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മൂന്ന് പേരും ഒറ്റ സംഘമായാണ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പങ്കജ് ഭണ്ഡാരിയുമായി ഗോവർദ്ധന് വർഷങ്ങളായുള്ള ബിസിനസ് ബന്ധമുണ്ടായിരുന്നു. സ്വർണക്കൊള്ളയിൽ പങ്കജിനും ഗോവർദ്ധനും പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. കേസിൽ പങ്കജ് ഭണ്ഡാരി 12-ാം പ്രതിയും ഗോവർദ്ധൻ 13-ാം പ്രതിയുമാണ്. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകാനാണ് നീക്കം.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സ്മാർട്ട് ക്രിയേഷനിലെത്തിച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. ഇതിൽ നിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരി എടുത്തിരുന്നു. ബാക്കി 470 ഗ്രാം സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ദ്ധന് വിറ്റു. ശബരിമല സ്വർണമാണെന്നും ദേവസ്വം സ്വത്താണെന്നും ഇരുവർക്കും അറിയാമായിരുന്നെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ആർക്കൊക്കെയാണ് മറിച്ചുവിറ്റതെന്ന് കണ്ടെത്തുന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ ബെല്ലാരിയിലും ചെന്നൈയിലും എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും.















