തിരുവനന്തപുരം: പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്ത ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്പെൻഷൻ. ജയിൽ ഡിഐജിക്കെതിരേ ആരോപണമുയർന്നതേത്തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിൽ തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.തടവുകാര്‍ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതിന് ലക്ഷങ്ങള്‍ കൈപ്പറ്റി എന്നാണ് കേസ്
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പണം വാങ്ങി വഴിവിട്ട പരോള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തതായാണ് വിനോദ് കുമാറിനെതിരായ പ്രധാന ആരോപണം. അനധികൃത സ്വത്തു സമ്പാദനം, അഴിമതി എന്നീ ആരോപണങ്ങളിലും വിനോദ് കുമാറിന്റെ പേരില്‍ അന്വേഷണം നടന്നുവരികയാണ്.
കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ഗൂഗിള്‍പേവഴി ജയില്‍ ഡി ഐ ജിക്ക് കൈമാറിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. നേരിട്ടു വാങ്ങാതെ തടവുകാരുടെ ബന്ധുക്കളില്‍ നിന്നാണ് വിനോദ്കുമാര്‍ പണം സ്വീകരിച്ചിരുന്നത്.
എട്ട് തടവുകാരിൽനിന്ന് പണം കൈപ്പറ്റിയതിന് തെളിവുലഭിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്.ഡി ഐ ജിയുടെ ഭാര്യയുടെ അക്കൗണ്ട് വഴിയും പണം കൈപ്പറ്റിയിരുന്നു. ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയാണുള്ളത്. ഇത് അനധികൃതമായി സമ്പാദിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.















