എറണാകുളം : കൊച്ചി മേയർ തിരഞ്ഞെടുപ്പ് വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി അജയ് തറയിലും രംഗത്തെത്തി. കൗൺസിലർമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായ തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്റെ തീവ്രമായ അതിപ്രസരമാണിത്. ഇതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഗ്രൂപ്പ് രാഷ്‌ട്രീയത്തിനെതിരേ പോരാട്ടം നടത്തും.
ഇന്നലത്തെ മഴയിൽ കുരുത്തവളല്ല ദീപ്തി. 91 മുതൽ മഹാരാജാസിൽ എസ്എഫ്‌ഐക്കാരുടെ തല്ലുകൊണ്ട് വളർന്ന് കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും മഹിളാ കോൺഗ്രസിലൂടെയും വളർന്ന് വന്ന ധീരയായ നേതാവാണ്. ആ നേതാവിനെ വെട്ടാൻ ഗ്രൂപ്പുകൾ ഒത്തുകൂടി എന്നതാണ് ഏറ്റവും രസകരമായ വസ്തുത, അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ദീപ്തി മേരി വർഗീസിനെ ലിസ്റ്റിൽ നിന്നും വെട്ടി മാറ്റിയതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സഭയുടെ നിർദേശപ്രകാരം കോൺഗ്രസിൽ ഉണ്ടായ സമവായ പ്രകാരം കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾ കൊച്ചി മേയറാകും.ദീപക് ജോയ് ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് ഇവർ ചുമതലയിൽ ഉണ്ടാവുക. . അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവിനാണ് മേയർപദവി. കെ.വി.പി. കൃഷ്ണകുമാർ ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത് .















