തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബിജെപി ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കോർപറേഷൻ മേയറെ കണ്ടെത്താനുളള തെരഞ്ഞെടുപ്പ് ഇന്ന്. കേവല ഭൂരിപക്ഷം നേടിയ ബിജെപിയിൽ നിന്നും മേയർ സ്ഥാനാർത്ഥിയായി കൊടുങ്ങാനൂർ വാർഡ് കൗൺസിലർ വി വി രാജേഷും കരുമം വാർഡിൽ നിന്നും വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും മത്സരിക്കും.
കോർപ്പറേഷനിൽ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. കണ്ണംമൂലയിലെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ കൂടി പിന്തുണ ബിജെപിക്കുണ്ട്. ഇതോടെ ഇരു തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വിജയം സുനിശ്ചിതമാണ്. പൗണ്ട് കടവിൽ നിന്നും ജയിച്ച സ്വതന്ത്രൻ ആർക്കും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
കൗൺസിൽ യോഗത്തിന് ശേഷം മുന്നണികളുടെ മേയർ സ്ഥാനാർത്ഥികൾ വരണാധികാരിയായ ജില്ലാ കളക്ടർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ചട്ടപ്രകാരമുള്ള ചില നടപടിക്രമങ്ങൾക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പിലേക്ക് കടക്കുക. ഏകദേശം 12 മണിയോടെ തെരഞ്ഞെടുപ്പ് അവസാനിക്കും. അതിന് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുക. ജില്ലാ കളക്ടറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഉച്ചയ്‌ക്ക് ശേഷമാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുക. ചട്ടപ്രകാരം മേയറാണ് ഡെപ്യൂട്ടി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.















