കൊല്ലം: കോർപ്പറേഷനിൽ യുഡിഎഫ് – എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്. ലീഗിനെ വെട്ടി ഒതുക്കിയാണ് എസ്ഡിപിഐ യുഡിഎഫിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. എസ്ഡിപിഐയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ യുഡിഎഫിന്ർറെ മേയർ സ്ഥാനാർഥി എ കെ ഹഫീസിനെ കണ്ടാണ് പിന്തുണ അറിയിച്ചത്. ഇന്നലെ ഹഫീസിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച .
എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപ്പുഴ അഷറഫ് മൗലവി ഇന്ന് വൈകിട്ട് എ കെ ഹഫീസിന് നൽകുന്ന പൗര സ്വീകരണത്തിലും പങ്കെടുക്കും. പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അഷറഫ് മൗലവി വേദി പങ്കിടും.
കാൽനൂറ്റാണ്ടായി എൽഡിഎഫിന്റെ കയ്യിലിട്ട് അമ്മാനമാടിയുന്ന കോർപ്പറേഷൻ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് യുഡിഎഫ് പിടിച്ചത്. ചാത്തനാംകുളം ഡിവിഷനിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയാണ് ജയിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ ഇവരുടെ പിന്തുണ കൂടി യുഡിഎഫിന് ലഭിക്കും.
മുൻപും യുഡിഎഫ് എസ്ഡിപിഐയുടെ പിന്തുണയും വോട്ടും വാങ്ങിയിരുന്നു. എന്നാൽ അത് രഹസ്യമായാണെന്ന് മാത്രം. വേദി പങ്കിടുന്നതും സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഇനി പരസ്യമായാണ് ധാരണ എന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ്. കൊല്ലത്ത് എസ്ഡിപിഐക്ക് വളരാനുള്ള നിലവും ഇനി യുഡിഎഫ് സ്വന്തം ചെലവിൽ ഒരുക്കും. ഇത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുകയും ചെയ്യും.















