തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചയിൽ ഡി മണിയുടെ മൊഴിയിൽ സർവ്വത്ര വൈരുദ്ധ്യങ്ങൾ. മണി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്ന് അന്വേഷണസംഘം പറയുന്നു. ഡിണ്ടിഗലിൽ ഇയാൾക്ക് സമാന്തര സംവിധാനങ്ങളുണ്ടെന്നും കണ്ടെത്തി. മണിയുടെ ബാങ്ക് ഇടപാടുകളും എസ്ഐടി പരിശോധിക്കും.
താൻ ഡി മണിയല്ല എം. എസ് മണിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ സുഹൃത്തിന്ർറെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം സംഘം എത്തിയതെന്നാണ് മണിയുടെ വാദം. എംഎസ് മണി എന്നാണ് തന്റെ പേരെന്നും ബാലമുരുകൻ എന്ന ഡി മണി തന്റെ സുഹൃത്താണ് എന്നുമാണ് ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞത്. അടുത്തമാസം നാലിനോ അഞ്ചിനോ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് എസ് ഐ ടി ഇയാൾക്ക് നോട്ടീസ് നൽകി.
എന്നാൽ മണി പറഞ്ഞത് കളവാണെന്ന് എസ്ഐടി വ്യക്തമാക്കി. പ്രവാസി വ്യവസായിയുടെ മൊഴിയിലുണ്ടായ വ്യക്തി തന്നെയാണിതെന്ന് എസ്ഐടി ഉറപ്പിച്ച് പറയുന്നു. മണിക്ക് ഡിണ്ടിഗൽ കേന്ദ്രീകരിച്ച് പൊലീസിനെ അടക്കം നിയന്ത്രിക്കാൻ കഴിവുള്ള സംവിധാനങ്ങളുണ്ട്. ഇയാൾ വിവിധ ഫോൺ നമ്പറുകളാണ് ഓപ്പറേഷനുകൾക്ക് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മണി ഗുരുതരമായ എന്തോ ഒളിക്കാൻ ശ്രമിക്കുന്നു എന്നാണ് എസ്ഐടിയുടെ സംശയം,
ശബരിമല സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ ൽ തമിഴ് പൊലീസിന്റെ സഹായത്തോടെ തുടർ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അന്വേഷണ സംഘം പറയുന്നു.















