ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ സ്റ്റീലിന് ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തി. മൂന്ന് വർഷത്തേക്ക് 12 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സ്റ്റീൽ ഉൽപ്പാദകരുടെ കൂട്ടായ്മയായ ഇന്ത്യന് സ്റ്റെയിൻലെസ് സ്റ്റീൽ ഡെവലപ്മെന്റ് അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപാദക രാജ്യമാണ് ഇന്ത്യ. ചൈനയിൽ നിന്നും കുറഞ്ഞ വിലയുള്ള സ്റ്റീൽ ഇന്ത്യയിൽ വൻ തോതിൽ എത്തുന്നത് ആഭ്യന്തര ഉൽപ്പാദനത്തിന് വെല്ലുവിളിയാണ്. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ള സ്പെഷ്യാലിറ്റി സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് താരിഫ് ബാധകമല്ല.
കുറഞ്ഞ വിലയിൽ ലഭിക്കുന്ന നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ മൂലം ആഭ്യന്തര ഉരുക്ക് വ്യവസായം പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റിൽ, വിലകുറഞ്ഞ സ്റ്റീൽ ഇറക്കുമതിക്ക് ആന്റി ഡമ്പിംഗ് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന് ഹർജി സമർപ്പിച്ചിരുന്നു. ദക്ഷിണ കൊറിയയും വിയറ്റ്നാമും ഈ വർഷം ആദ്യം ചൈനീസ് സ്റ്റീൽ ഉൽപന്നങ്ങൾക്ക് ആന്റി ഡംപിംഗ് തീരുവ ചുമത്തിയിരുന്നു.















