ധാക്ക: ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ കരീം മസൂദ് യുഎഇയില്‍ ഉണ്ടെന്നു സ്ഥിരീകരണം. ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെട്ടയാളാണ് ഇപ്പോള്‍ യുഎഇയില്‍ എത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഒരു വീഡിയോ ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. ദുബായിലാണ് നിലവിള്ളതെന്നാണ് വീഡിയോയില്‍ ഫൈസല്‍ കരീം മസൂദ് പറയുന്നത്.
ഒസ്മാന്‍ ഹാദിയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഫൈസല്‍ കരീം ഈ വീഡിയോയിൽ പറയുന്നത്. തന്നെയും കുടുംബത്തെയും കേസില്‍ കുടുക്കുകയായിരുന്നു. ജീവന്‍രക്ഷാര്‍ത്ഥമാണ് ദുബായിലേക്ക് വന്നതെന്നും ഫൈസല്‍ കരീം പറയുന്നു. ഹാദിയുടെ കൊലയ്‌ക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണ്. ഹാദിയെ വാര്‍ത്തെടുത്തതുതന്നെ ജമാഅത്തെ ഇസ്‌ലാമിയാണെന്നും ജമാഅത്തെ പ്രവര്‍ത്തകരാണ് ഹാദിയെ കൊലപ്പെടുത്തിയതെന്നും ഫൈസല്‍ കരീം പറഞ്ഞു. ഹാദിയുമായി തനിക്ക് ബിനിസന് പങ്കാളിത്തമുണ്ടായിരുന്നുവെന്നും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഹാദിക്ക് ചില ഘട്ടങ്ങളില്‍ താൻ സംഭാവന നല്‍കിയിട്ടുണ്ടെന്നും ഫൈസൽ കരീം പറഞ്ഞു.
ഒസ്മാന്‍ ഹാദി വധക്കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്ഖും ഇന്ത്യയിലേക്ക് കടന്നുവെന്ന അവകാശവാദവുമായി ധാക്ക മെട്രോപോളിറ്റന്‍ പൊലീസ് രംഗത്തെത്തിയിരുന്നു. മേഘാലയയിലെ ഹാലുഘട്ട് അതിര്‍ത്തി വഴി പ്രതികള്‍ കടന്നതായായിരുന്നു ബംഗ്ലാദേശ് പൊലീസിന്റെ വാദം. ഈ ആരോപണങ്ങള്‍ തള്ളി പിഎസ്എഫും മേഘാലയ പൊലീസും രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി പറഞ്ഞിരുന്നു .















