കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്.കാക്കൂർ സ്വദേശിനിയായ ഹസ്ന കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ഓഡിയോ ആണ് പുറത്ത് വന്നത്. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
“എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പോലീസിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടും’ ഹസ്ന ശബ്ദസന്ദേശത്തിൽ പറയുന്നു.
വിവാഹ മോചിതയായിരുന്ന ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.കഴിഞ്ഞ ആഴ്ചയാണ് 34കാരി ഹസ്നയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.ഹസ്‌നയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിരുന്നില്ല എന്നത് ദുരൂഹമായി തുടരുന്നു.
ഹസ്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുന്നുണ്ട് .വാതിൽ തുറന്നിട്ട നിലയിലായിരുന്നെന്നും നിലത്ത് കാൽ തട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും വീട്ടുകാർ പറയുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങുമെന്ന് അമ്മയെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് ഹസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.















