കൊച്ചി: നടൻ മോഹൻ ലാൽ ബ്രാൻഡ് അംബാസിഡർ ആയ ധനകാര്യ സ്ഥാപനത്തിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ കേസ് ഹൈക്കോടതി തള്ളി. പരസ്യത്തിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു പരാതി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് റദ്ദാക്കിയത്.
പരാതിക്കാരൻ പ്രതിവർഷം 15 ശതമാനം പലിശയ്‌ക്കായിരുന്നു സ്വർണം പണയം വച്ചിരുന്നത്. എന്നാൽ മോഹൻലാലിന്റെ പരസ്യം കണ്ട് ആകൃഷ്ടനായ ഇയാൾ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്ത സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഫിനാൻസ് മാനേജറെ സമീപിക്കുകയുമായിരുന്നു. പക്ഷെ വായ്പ അടച്ചുതീർത്ത് സ്വർണം തിരികെ വാങ്ങാൻ എത്തിയപ്പോൾ ഫിനാൻസ് മാനേജർ ഉയർന്ന പലിശ നിരക്ക് ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനം പരസ്യത്തിൽ നൽകുന്ന വാഗ്ദാനം പാലിക്കാൻ ബ്രാൻഡ് അംബാസഡറായ മോഹൻലാലും ബാധ്യസ്ഥനാണെന്നാണ് പരാതിക്കാരന്റെ വാദം.
ഉപഭോക്തൃ സംരക്ഷണനിയമത്തിലെ സെക്ഷൻ 21 പ്രകാരം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക് 10 ലക്ഷം രൂപ വരെയാണ് പിഴ. എന്നാൽ മോഹൻലാലും സ്ഥാപനവും തമ്മിൽ ഇടപാടുകൾ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നടനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് കോടതി വിധി. മാത്രവുമല്ല മോഹൻലാൽ അംബാസിഡർ മാത്രമായിരുന്നെന്നും സേവനങ്ങൾ ലഭ്യമാക്കാൻ പ്രോത്സാഹിപ്പിക്കാത്ത പക്ഷം അദ്ദേഹത്തിനുമേൽ കേസ് ചുമത്താൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.















