തൃശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ മിന്നൽ സന്ദർശനം. തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലാണ് അദ്ദേഹം ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായി എത്തിയത്. മുഖ്യവേദിയിൽ നിന്നും ഊട്ടുപുരയിലേക്ക് പോയ അദ്ദേഹം അവിടത്തെ ഒരുക്കങ്ങളും നേരിട്ടുകണ്ട് വിലയിരുത്തി. പൂരം പോലെ കലോത്സവവും ലോകം മുഴുവൻ ഏറ്റെടുക്കുമെന്ന് സുരേഷ്ഗോപി പറഞ്ഞു. 2026ലെ തൃശൂര്‍ പൂരത്തിന്റെ കര്ട്ടൻ റെയ്സറായിരിക്കും കലോത്സവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലോത്സ വേദികളുടെ പേരുകളിൽ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ്ഗോപി പ്രതികരിച്ചു. എല്ലാത്തിലും രാഷ്‌ട്രീയം കാണുന്നതാണ് പ്രശ്നം. രാഷ്‌ട്രം എന്ന് വിചാരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. താമരയോട് എങ്ങനെയാണ് രാഷ്‌ട്രീയം കാണാൻ കഴിയുന്നത്? സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്‌ട്രീയം കാണേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബുധനാഴ്ച മുതൽ 18വരെയാണ് 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. 25 വേദികളിലായി 15,000 കുട്ടികലാകാരൻമാരാണ് മാറ്റുരയ്‌ക്കുക.















