ന്യൂഡൽഹി: യുഎപിഎ കേസിൽ കശ്മീരി വിഘടനവാദിയും ദുക്തരൻ ഇ മില്ലത്ത് മേധാവിയുമായ ആസിയ അന്ദ്രാബി കുറ്റക്കാരി. തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്മെന്റ്, വിദ്വേഷ പ്രസംഗങ്ങൾ, ക്രിമിനൽ ഗൂഢാലോചന, ഭീകരവാദത്തിലൂടെ രാജ്യത്തിനെതിരായ യുദ്ധം എന്നീ കുറ്റങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി ഇവർക്കെതിരെ ചുമത്തിയത്. യുഎപിഎ സെക്ഷന് 18, 38 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കേസിൽ ഇവരുടെ രണ്ട് കൂട്ടാളികളും പ്രതികളാണ്. ജനുവരി 17 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു.
1987 ലാണ് ആന്ദ്രാബി വനിതാ വിഘടനവാദ ഗ്രൂപ്പായ ദുക്തരാൻ ഇ മില്ലത്ത് സ്ഥാപിച്ചത്. ജമ്മു കശ്മീരിലെ വിഘടന ഗ്രൂപ്പുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കിയതോടെ 2018 ഏപ്രിലിൽ ഇവർ അറസ്റ്റിലായി. തുടർന്ന് യുഎപിഎ പ്രകാരം ദുക്തരാൻ ഇ മില്ലത്തിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. 2019 ൽ ഇവരുടെ സ്വത്തുകൾ എൻഐഎ കണ്ടുകെട്ടുകയും ചെയ്തു.
വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇവർ കശ്മീരി പെൺകുട്ടികളുടെ മനസ്സിൽ വിഘടനവാദം കുത്തിവെക്കാൻ ശ്രമിച്ചെന്നും നിരോധിത ഭീകരസംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും എൻഐഎ അന്വേഷണത്തിൽ വ്യക്തമായിരുന്നു.















