കൊച്ചി: നിരോധിത ഭീകരസംഘടനയായ ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സെയ്ദ് മുഹമ്മദ് ആദിലിന്റെ മൊബൈൽ ഡിജിറ്റൽ ഡിവൈസുകളുടെ സൈബർ ഫോറൻസിക് പരിശോധന ഉടൻ പൂർത്തിയാകും. റിപ്പോർട്ട് ലഭിച്ചാലുടൻ ഡിജിറ്റൽ തെളിവുകൾ ക്രോഡീകരിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എടിഎസിന്റെ നീക്കം.
കഴിഞ്ഞ 10നാണ് മൂവാറ്റുപുഴ സ്വദേശിയായ ആദിലിനെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദമാമിൽ നിന്നും എത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് എടിഎസിന് കൈമാറുകയായിരുന്നു. രണ്ട് ദിവസത്തോളം ചോദ്യം ചെയ്ത ശേഷമാണ് എടിഎസ് ഇയാളെ വിട്ടയച്ചത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം രൂപീകരിക്കാൻ ശ്രമം നടത്തിയെന്നും ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടത്തിയെന്നും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റിന് ശ്രമിച്ചെന്നും സൂചകൾ ലഭിച്ചിരുന്നു.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനകത്ത് നിന്ന് ഇയാൾക്ക് ലഭിക്കുന്ന സഹായം, ഇയാളുടെ വ്യക്തി ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചും എടിഎസിന്റെ അന്വേഷണമുണ്ടാകും. ഇയാൾ സിറിയ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.















