ചെന്നൈ : നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ്‌ക്ക് നിയമ കുരുക്ക്. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു. എന്നാൽ പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്ന് കാണിച്ച് വിജയ് 2022 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് മദ്രാസ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.
പിഴ ഇടാക്കുന്നതിനെതിരെ താൽക്കാലികമായി കോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നു. എന്നാൽ താരം പിഴയെ ചോദ്യം ചെയ്ത് 2022 ൽ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ‘പുലി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടർന്നായിരുന്നു താരത്തിന്റെ വീട്ടിൽ റെയ്ഡ് ഉണ്ടായത്.
15 കോടിയുടെ അധികവരുമാനമായിരുന്നു കണ്ടെത്തിയത്. തുടർന്ന് 1.5 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിഴയായി ചുമത്തിയിരിക്കുന്നത്. അപ്പീൽ തള്ളിയതിനെത്തുടർന്ന് പിഴത്തുക അടക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് നടൻ വിജയ്.















