ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന ഹർജികളിലെ സുപ്രീകോടതിയിൽ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. സംസ്ഥാന സർക്കാർ മാർച്ച് 14 മുൻപ് നിലപാട് എഴുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്.
ശബരിമല വിഷയത്തിലാണ് ഒൻപതംഗ ബെഞ്ച് ആദ്യം വാദം കേൾക്കുക. ഇതിനായി ഒൻപതംഗ ബെഞ്ച് പുനഃ സംഘടിപ്പിക്കും. മുൻപുണ്ടായിരുന്ന ഒൻപതംഗ ബെഞ്ചിൽ നിലവിലുള്ള ഏക അംഗം താനെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ഇനി നിലവിൽ വരുന്ന ബെഞ്ചിൽ ആരൊക്കെയാണ് ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് നിശ്ചയിക്കും.
പുനഃപരിശോധന ഹർജികളെ കേന്ദ്രസർക്കാർ കോടതിയിൽ പിന്തുണച്ചു. ഭക്തര്‍ക്കനുകൂലമായ നിലപാടാണ് സുപ്രീംകോടതിയിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
അഞ്ച് മതങ്ങളിലെ വിഷയങ്ങളാണ് ഒൻപതംഗ ബെഞ്ച് പരിഗണിക്കുക. വാദങ്ങൾ ക്രോഡീകരിക്കാൻ നോഡൽ അഭിഭാഷകരെ നിയോഗിച്ചു. വാദങ്ങൾ അഭിഭാഷകർ എഴുതി നൽകുന്നതിന് പിന്നാലെ സുപ്രിംകോടതി ചോദ്യങ്ങൾ തയ്യാറാക്കും.
പുനഃപരിശോധനയെ എതിർക്കുന്നവരുടെ വാദം ഏപ്രിൽ 7-9 വരെ നടക്കും. 14 – 16 വെരയാണ് പിന്തുണയ്‌ക്കുന്നവരുടെ വാദം. ഏപ്രിൽ 22 ന് മുൻപ് വാദം പൂർത്തിയാക്കുമെന്നും കോടതി വ്യക്തമാക്കി.















