കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കേസിലെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പത്മകുമാർ ഹര്‍ജി സമര്‍പ്പിച്ചത്.
ജാമ്യം ലഭിച്ചെങ്കിലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ സാധിക്കില്ല. ദ്വാരപാലക ശില്പ കേസില്‍ റിമാന്‍ഡ് 90 ദിവസം പൂർത്തിയാകാൻ മാർച്ച് പകുതിയാകും. ഈ കേസിലും റിമാൻഡ് കാലാവധി പൂർത്തിയാകുന്നതോടെ ജാമ്യ നടപടികൾ പൂർത്തിയാകും. കേസുമായി ബന്ധപ്പെട്ട് ശിക്ഷയനുഭവിച്ചിരുന്ന ആറ് പ്രതികളാണ് ഇതുവരെ പുറത്തിറങ്ങിയത്. ഇതിൽ നാലുപേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ പ്രതിപട്ടികയിലുള്ള മുന്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹര്‍ജികളും ഈ മാസം 23ന് പരിഗണിക്കുമെന്നാണ് സൂചന. ഇയാളുടെ ആരോഗ്യനിലയെ ചൂണ്ടിക്കാട്ടിയാണ് ജാമ്യനീക്കമെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന തന്ത്രി കണ്ഠര് രാജീവരര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. തന്ത്രിക്കെതിരെ കൃത്യമായ തെളിവ് ഹാജരാക്കാന്‍ എസ്‌ഐടിക്ക് കഴിയാത്ത സാഹചര്യത്തിലായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു വാദം. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിയ്‌ക്ക് ഉത്തരവാദിത്തമെന്നും പ്രതിഭാഗം പറഞ്ഞു. ഈ കാരണങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.















