കൊച്ചി: കേരള സ്റ്റോറി- 2 ഉറപ്പായും കാണുമെന്നും തിയേറ്ററിലെ പ്രേക്ഷകരുടെ എണ്ണമല്ല, സിനിമയുടെ ഉള്ളടക്കമാണ് ചർച്ചയാകേണ്ടതെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ‘കേരള സ്റ്റോറി ഞാൻ ഉറപ്പായും കാണും. കേരള സ്റ്റോറി ആദ്യം ഭാഗം കണ്ടിരുന്നു. സിനിമ എന്ത് ചർച്ച ചെയ്യുന്നു എന്നതാണ് പ്രധാനം. പ്രണയക്കെണിയിൽ മതം മാറ്റുന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പോലും ആശങ്കയുണ്ടെന്നും’- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രദർശന വിലക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻവലിച്ചത്. സിനിമയ്‌ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. അതിനെതിരെയുള്ള നിർമാതാക്കളുടെ അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി നൽകിയത്.
അതേസമയം, കോടതി വിധിയെ വെല്ലുവിളിച്ച് കൊണ്ട് കേരള സ്റ്റോറി – 2 പ്രദർശനം ഡിവൈഎഫ്ഐ വിവിധ ഇടങ്ങളിൽ തടസപ്പെടുത്തി. ഡിവൈഎഫ്ഐക്കാർ ബഹളവെച്ചതോടെ എറണാകുളം ഷേണായിസിൽ പ്രദർശനം നിർത്തിവച്ചു. ഇതോടെ സിനിമ കാണാൻ വന്നവർ മടങ്ങി. പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചതെന്ന് സമ്മതിച്ച് ഷേണായിസ് തീയറ്ററിന്റെ മാനേജർ പറഞ്ഞു.















