കൊച്ചി: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ സിപിഎം അണികളിൽ നിന്നും നടന് മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി മാറിനില്ക്കാന് പറഞ്ഞതാണ് സിപിഎം അണികളെ പ്രകോപിപ്പിച്ചത്.
തന്റെ പിന്നിൽ നിന്ന സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി പറയുന്നത് വൈറലായിരുന്നു. ”നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ”, എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതിനെതിരെ ഇടത് സൈബര്‍ ഇടങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ആണ് ഉയരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
മമ്മൂട്ടിയുടെ പ്രവൃത്തി ശരിയായില്ലെന്നാണ് സൈബറിടങ്ങളിലെ സിപിഎം അണികളിൽ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. എന്നാൽ ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു എന്നും മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദര്ശനമാണെന്നുംപ്രചരിപ്പിക്കപ്പെടുന്നുണ്ട്.















