ന്യൂഡൽഹി: തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാലിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കപൂര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.
പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. മോഹൻലാലിന്റെ ഹർജി ജസ്റ്റിസ് ജ്യോതി സിങ് ആണ് ചൊവ്വാഴ്ച പരിഗണിക്കുക.















