ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലീം ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു. സ്‌ത്രീകളുടെ അഭിമാനം ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുംവിധം തെറ്റായ പ്രസ്‌താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
ഇയാൾക്കെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു . പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം നടന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്.
ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയുമായിരുന്നു.
ചൊവ്വാഴ്‌ച നടന്ന യുഡിഎഫ് കൺവൻഷനിലാണ് അധിക്ഷേപ പരാമർശം നടന്നത്. കെ സി വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, സ്ഥാനാർഥി എം ലിജു തുടങ്ങിയവരെ സാക്ഷിനിർത്തിയായിരുന്നു ഇർഷാദിന്റെ പ്രസംഗം.















