തിരുവനന്തപുരം: നിർജീവമായ അന്വേഷണ കമ്മിഷനുകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് കോടികൾ പാഴാക്കുന്നതായി റിപ്പോർട്ട് . കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലെ വ്യതിചലനങ്ങൾ അന്വേഷിക്കുന്ന വി കെ മോഹനൻ കമ്മിഷന്റെ പ്രവർത്തനത്തിന് മാത്രം 2.79 കോടി രൂപയാണ് ചെലവഴിച്ചത്.
2021 മുതലുള്ള ഖജനാവ് കാലിയാക്കൽ കണക്കിന്റെ വിശദാംശങ്ങൾ വിവരാവകാശ രേഖയിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. 2020 ജൂലൈയിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലെ വ്യതിചലനങ്ങൾ അന്വേഷിക്കുന്നതിന് വി കെ മോഹനൻ കമ്മിഷനെ നിയമിച്ചത്.
എന്നാൽ കാര്യമായ യാതൊരു അന്വേഷണമോ പ്രവർത്തനമോ കമ്മീഷൻ നടത്തിയില്ല. ശമ്പളം, വേതനം, ഓണറേറിയം, ഓഫിസ് ചെലവുകൾ തുടങ്ങിയവയ്‌ക്കാണ് രണ്ടര കോടിയിധികം ചെലവാക്കിയത്. 2024-2025 സാമ്പത്തിക വർഷം മാത്രം ഒരു കോടിയിലധികം രൂപ കമ്മീഷന് വേണ്ടി വിനിയോഗിച്ചു. കോടികൾ പൊടിച്ചിട്ടും അന്വേഷണം ഒരിഞ്ച് പോലും നീങ്ങാത്തതിൽ വിമർശനം ശക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കേരളം കമ്മീഷനുകൾക്കായി കോടികൾ പൊടിക്കുന്നത്.















