വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് അതീവ പ്രാധാന്യമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ തലങ്ങള്‍ ഗോര്‍ വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ അമേരിക്കന്‍ എംബസി പങ്കുവെച്ച ട്രംപിന്റെ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ‘ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം ഇനിയും കൂടുതല്‍ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിവുള്ളവരാണ്. മറ്റാര്‍ക്കും സാധിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയും.’ എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും തിളക്കമുള്ള ഘടകം പ്രതിരോധ സഹകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. 15 വര്‍ഷം മുന്‍പ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അനുഭവിച്ച അതേ ഊഷ്മളമായ സ്വീകരണം ഇന്നും ഇന്ത്യന്‍ ജനതയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഗോര്‍ ‘സ്പാന്‍’ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇറാനെതിരെ യുഎസ്-ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയും ട്രംപും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയും അതിന്റെ ഫലമായി ലോകം നേരിടുന്ന ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷാ ഭീഷണികളും ചര്‍ച്ച ചെയ്യാനാണ് ട്രംപ് പ്രധാനമന്ത്രിയെ വിളിച്ചത്.















