കോഴിക്കോട്: വനിതാ ലീഗിനോട് മുസ്ലീം ലീഗ് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജി വെച്ചു . കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ അവഗണിച്ചെന്നും പാണക്കാട് തങ്ങളെ വിമർശിച്ചവർക്ക് സീറ്റ് നൽകിയെന്നും അവർ ആരോപിച്ചു.
വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയിൽ അയച്ചുവെന്നും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി. മുസ്ലിം ലീഗിൽ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫാത്തിമ തെഹ്ലിയക്കെതിരെ രൂക്ഷമായ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തെഹ്ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തെഹ്‌ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തെഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തെഹ്‌ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെയും നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയ ഒന്നും വനിതാ ലീഗിന്റെ മുഖമല്ലെന്നും അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിക്കുന്ന സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും നൂര്‍ബിന പറഞ്ഞിരുന്നു.
‘
ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല. – അവർ പറഞ്ഞു
ഫാത്തിമ തെഹ്ലിയ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടതിൽ തെറ്റില്ല. പക്ഷേ ഞങ്ങൾക്കും തരണമായിരുന്നു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി അഞ്ചുവർഷം കൗൺസിലറായി ഭരിച്ച് കാണിക്കട്ടെയെന്ന് നൂർബിന ചോദിച്ചു. തലമുറ മാറ്റം വേണമെങ്കിൽ ഒരുപാട് പേർ വേറെയുണ്ടായിരുന്നു, അവരെ എന്തുകൊണ്ട് പരിഗണിച്ചില്ല. അയോഗ്യത എന്താണെന്ന് വ്യക്തമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
കൃത്രിമ മതേതരത്വം കാണിക്കാനായാണ് ലീഗ് പലർക്കും സീറ്റ് നല്‍കിയതെന്ന് നൂര്‍ബിന കുറ്റപ്പെടുത്തി. നിങ്ങള്‍ വ്യാജ മതേതരത്വം കാണിക്കാനായി സീറ്റ് നല്‍കിക്കോളൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം ഒന്നിനും ഭൂഷണമല്ലെന്നും മതേതരത്വം ഹൃദയത്തില്‍ നിന്നും വരണമെന്നും നൂർബിന വ്യക്തമാക്കി.















