കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിൽ നിരീക്ഷകരായി എത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ദൗർഭാഗ്യകരമായ സംഭവമെന്നാണ് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഇതിനെ നീരീക്ഷിച്ചത്.
നിലവിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതവും രാഷ്‌ട്രീയ പ്രേരിതവുമായ നീക്കമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരാണ് ഇതിന് പിന്നിൽ എന്ന് തങ്ങൾക്ക് അറിയില്ലെന്ന് കരുതരുത്. പുലർച്ചെ രണ്ടു മണിവരെ താൻ നേരിട്ട് സംഭവം നിരീക്ഷിക്കുകയായിരുന്നു വെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു
ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ രാഷ്‌ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് മാള്‍ഡയില്‍ നടന്നതെന്നും കോടതി അഭിപ്രായപ്പെട്ടു ജുഡീഷ്യൽ ഉദ്യോഗസ്ഥരെ മാനസിക ആക്രമിക്കാനോ നിയമം കൈയിലെടുക്കാനോ ആരെയും അനുവദിക്കില്ല, ഇത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്നും കോടതി പറഞ്ഞു.
ജുഡീഷ്യൽ ഓഫീസർമാരുടെ സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ വിന്യസിക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ചീഫ് സെക്രട്ടറി, ഡി.ജി.പി, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് എന്നിവര് ക്ക് അനുബന്ധ റിപ്പോര്ർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇവരോട് ഏപ്രിൽ 6 ന് ഓൺലൈനിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് മാൾഡയിലെ കോടതി വളപ്പിൽ അതിക്രമിച്ചു കയറി ജുഡീഷ്യൽ ഓഫീസർമാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. പോലീസിനെ നോക്കു കുത്തിയാക്കി ആയിരുന്നു ഘരാവോ. ഇതിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ബംഗാൾ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.















