ടെഹ്‌റാൻ: യുഎസുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇസ്ലാമാബാദിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകളിൽ തങ്ങൾ ഭാഗമാകില്ലെന്ന് ഇറാൻ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്ലാമാബാദിൽ ചർച്ചകൾ നടത്താമെന്നതായിരുന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി വിശദീകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ, പാകിസ്ഥാന്റെ ഇടപെടൽ തള്ളിയ ഇറാൻ, ചർച്ചകളിൽ പാകിസ്ഥാൻ മധ്യസ്ഥരാകേണ്ടതില്ലെന്ന് വ്യക്തമാതി.
ചർച്ചകൾ വഴിമുട്ടി നിൽക്കുമ്പോഴും ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക അതിശക്തമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ വെടിവെച്ചിട്ട അമേരിക്കയുടെ F-15 വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാളെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി.
വിമാനം തകർന്നു വീണ മേഖലയിൽ അമേരിക്കൻ ഹെലികോപ്റ്ററുകൾ ഇപ്പോഴും നിരീക്ഷണം തുടരുകയാണ്. അതേസമയം, അമേരിക്കൻ നിരീക്ഷണ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കുമെന്ന് പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി.















