തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റോഡ് ഷോയ്‌ക്കിടെ പെപ്പര്‍ സ്‌പ്രേയുമായി എത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കല്‍പ്പാളയം ജംക്ഷനില്‍ വെച്ചാണ് സംഭവം. റോഡ് ഷോയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും നടത്തിയ കര്‍ശനമായ പരിശോധനയിലാണ് യുവാവിന്റെ പക്കല്‍ സ്‌പ്രേ കുപ്പി കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്ന പാതയില്‍ കനത്ത സുരക്ഷാ വലയം തീര്‍ത്തിരുന്നതിനാലാണ് സംശയാസ്പദമായ രീതിയില്‍ എത്തിയ ഇയാളെ കണ്ടെത്താനായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് കരമന പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തന്റെ കൈവശമുണ്ടായിരുന്ന പെപ്പര്‍ സ്‌പ്രേ സഹോദരിക്ക് നല്‍കാന്‍ കൊണ്ടുവന്നതാണെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, അതീവ സുരക്ഷാ മേഖലയില്‍ ഇത്തരം വസ്തുക്കളുമായി എത്തിയത് ഗൗരവകരമായാണ് അധികൃതര്‍ കാണുന്നത്. യുവാവിന് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.















