ഹ്യൂസ്റ്റണ്‍: ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്ന നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ നിന്നും 4,00,000 കിലോമീറ്റര്‍ അകലെയുള്ള ചരിത്രദൂരത്തിലേക്ക് അടുക്കുന്നു. 53 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ചന്ദ്രനോട് ഇത്രയടുത്ത് മനുഷ്യന്‍ എത്തുമ്പോള്‍, പേടകത്തിനുള്ളിലെ ശുചിമുറി തകരാറിലായത് യാത്രികര്‍ക്ക് ചെറിയൊരു വെല്ലുവിളിയായെങ്കിലും അത് വിജയകരമായി പരിഹരിച്ച ആവേശത്തിലാണ് സംഘം.
വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പേടകത്തിലെ ‘ലൂണാര്‍ ലൂ’ എന്ന് വിളിക്കുന്ന ശുചിമുറി സംവിധാനത്തില്‍ ഐസ് കട്ട പിടിച്ചതിനെത്തുടര്‍ന്ന് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ യാത്രികയായ ക്രിസ്റ്റീന കോച്ച് സ്വയം ഒരു ‘സ്‌പേസ് പ്ലംബറായി’ മാറി ഈ തകരാര്‍ പരിഹരിച്ചു. പേടകത്തെ ചന്ദ്രന്റെ പാതയിലേക്ക് തിരിച്ചുവിടുന്ന നിര്‍ണ്ണായകമായ ‘ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍’ പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ ഈ ദൗത്യം ഏറ്റെടുത്തത്. ബഹിരാകാശത്തെ അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ യാത്രികര്‍ക്ക് ലഭിക്കുന്ന മികച്ച പരിശീലനത്തിന്റെ തെളിവായി ഈ സംഭവം മാറി.
അപ്പോളോ 17-ന് ശേഷം ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ സംഘമാണ് ആര്‍ട്ടെമിസ് 2-ലേത്. ഇതില്‍ പല റെക്കോര്‍ഡുകളും പിറക്കുന്നുണ്ട്. ക്രിസ്റ്റീന കോച്ച് ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയാണ്. വിക്ടര്‍ ഗ്ലോവര്‍ ചന്ദ്രനിലേക്കുള്ള ആദ്യ കറുത്ത വര്‍ഗക്കാരനായ യാത്രികന്‍. മറ്റ് അംഗങ്ങള്‍ കനേഡിയന്‍ യാത്രികന്‍ ജെറമി ഹാന്‍സെന്‍, റീഡ് വൈസ്മാന്‍. ‘ഭൂമി ചെറുതായി വരികയാണ്, ചന്ദ്രനാകട്ടെ വലുതായും,’ എന്നാണ് പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ തന്റെ ആവേശം പങ്കുവെച്ചത്.
തിങ്കളാഴ്ചയോടെ ചന്ദ്രന്റെ മറുപുറത്തെത്തുന്ന പേടകം, ഭ്രമണപഥത്തില്‍ പ്രവേശിക്കാതെ ഒരു ‘യുടേണ്‍’ എടുത്ത് ഭൂമിയിലേക്ക് മടങ്ങും. ഏപ്രില്‍ 10-ന് പസഫിക് സമുദ്രത്തില്‍ പതിക്കുന്നതോടെ 10 ദിവസം നീളുന്ന ഈ ദൗത്യം അവസാനിക്കും. ചന്ദ്രനില്‍ സ്ഥിരമായ ഒരു താവളം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണ പറക്കല്‍. ഈ ദൗത്യം വിജയിച്ചാല്‍ 2028-ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്.















