ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സമസ്ത മേഖലകളും അവലോകനം ചെയ്യുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 8 മുതല്‍ 10 വരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സഹകരണം വിലയിരുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനുമുള്ള അവസരമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ചില മേഖലകളില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളും പ്രതിരോധ മേഖലയിലെ സഹകരണവും മെച്ചപ്പെടുത്തുന്നതിലായിരിക്കും ആദ്യ ചര്‍ച്ച. സാങ്കേതിക വിദ്യ കൈമാറ്റത്തിലും ശാസ്ത്രീയ ഗവേഷണങ്ങളിലും പുതിയ സാധ്യതകള്‍ തേടല്‍. പ്രാദേശികവും ആഗോളവുമായ സമകാലിക സംഭവവികാസങ്ങളില്‍ ഇരുരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍ എന്നിവയ്‌ക്കാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുക.
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പൂര്‍ണ്ണരൂപം അവലോകനം ചെയ്യാനും പ്രധാന മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് അടിത്തറയിടുന്നതാകും ഈ സന്ദര്‍ശനം.















