കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി. ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യുന്നതിനായി ജാമ്യം നൽകാൻ നിയമപരമായി തടസ്സമുണ്ടെന്ന് വ്യക്തമാക്കിയ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, രഞ്ജിത്തിന്റെ ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം പത്താം തീയതിയിലേക്ക് മാറ്റി.
1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ജയിലിൽ കഴിയുന്ന പ്രതികൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് വോട്ട് ചെയ്യാൻ മാത്രമായി ജാമ്യം അനുവദിക്കില്ലെന്ന് കോടതി നിലപാട് എടുത്തത്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നിലവിൽ എറണാകുളം സബ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്.















