ചെന്നൈ: ഐപിഎല്‍ സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന മലയാളി താരം സഞ്ജു സാംസന്റെ പുറത്താകല്‍ ഒരു നാടിനെ മാത്രമല്ല, കുരുന്നുകളെപ്പോലും എത്രത്തോളം വേദനിപ്പിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളത്തിലിറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയതോടെ പൊട്ടിക്കരയുന്ന കിച്ചൂട്ടന്‍ എന്ന കുഞ്ഞ് ആരാധകനാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കവരുന്നത്.
താന്‍ ഏറെ ആരാധിക്കുന്ന താരം ചെറിയ റണ്‍സിന് പുറത്തായപ്പോള്‍ ‘സഞ്ജു സാംസണ്‍ തോറ്റു’ എന്ന് പറഞ്ഞ് ആശ്വാസമില്ലാതെ കരയുകയാണ് കിച്ചൂട്ടന്‍. സഞ്ജു അടുത്ത കളിയില്‍ തിരിച്ചു വരുമെന്നും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുകള്‍ എടുക്കുമെന്നും അമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് ആരാധകന്റെ സങ്കടം മാറുന്നില്ല. സഞ്ജുവിന്റെ ഓരോ പന്തും എത്രത്തോളം വൈകാരികമായാണ് ആരാധകര്‍ നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായി ഈ വീഡിയോ മാറി.
ലോകകപ്പിലെ അവിശ്വസനീയമായ പ്രകടനത്തിന് ശേഷം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിനെ കണ്ട ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായില്ല. ആകെ 22 റണ്‍സ് മാത്രമാണ് ഈ സീസണില്‍ ഇതുവരെ താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ സഞ്ജു വഹിച്ച പങ്ക് നിസ്തുലമായിരുന്നു. സൂപ്പര്‍ 8 ഘട്ടം മുതല്‍ ഫൈനല്‍ വരെ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ സഞ്ജു ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ കൂടിയായിരുന്നു. ആ ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
One of the biggest achievements of Sanju Samson life 👀
A little fan crying when Sanju got out that’s real love 🥺https://t.co/SXBvjxgtlb— Mr Stranger (@mrstranger005) April 8, 2026
സഞ്ജുവിനെപ്പോലൊരു ക്ലാസ് പ്ലെയര്‍ക്ക് ഒരു വലിയ ഇന്നിംഗ്സിലൂടെ ഫോമിലേക്ക് തിരിച്ചെത്താന്‍ അധികം സമയം വേണ്ടിവരില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. വരും മത്സരങ്ങളില്‍ കിച്ചൂട്ടനെപ്പോലുള്ള ആയിരക്കണക്കിന് ആരാധകരുടെ മുഖത്ത് ചിരി പടര്‍ത്താന്‍ സഞ്ജുവിന് കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.















