വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയ അദ്ദേഹം പെന്റഗണിലും യുഎസ് വാണിജ്യ വകുപ്പിലും സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തി.
പെന്റഗണില്‍ വെച്ച് പ്രതിരോധ വകുപ്പ് അണ്ടര്‍ സെക്രട്ടറിമാരായ എല്‍ബ്രിഡ്ജ് കോള്‍ബി, മൈക്കല്‍ ഡഫി എന്നിവരുമായി മിസ്രി ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് എല്‍ബ്രിഡ്ജ് കോള്‍ബിയുമായി അദ്ദേഹം വിശദമായ സംഭാഷണം നടത്തി. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രതിരോധ നയ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഇവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രതിരോധ വ്യവസായം, സാങ്കേതിക വിദ്യ, സപ്ലൈ ചെയിന്‍ ബന്ധങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മൈക്കല്‍ ഡഫിയുമായി അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ‘മേജര്‍ ഡിഫന്‍സ് പാര്‍ട്ണര്‍ഷിപ്പ്’ കരാറിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് ഇതില്‍ മുന്‍ഗണന നല്‍കിയത്.
യുഎസ് വാണിജ്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിമാരായ ജെഫ്രി കെസ്ലര്‍, വില്യം കിമ്മിറ്റ് എന്നിവരുമായും വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിര്‍ണ്ണായകമായ വാണിജ്യ-സാങ്കേതിക മേഖലകളില്‍ സഹകരണം വിപുലീകരിക്കാന്‍ ധാരണയായി. വിശ്വസനീയവും കരുത്തുറ്റതുമായ സപ്ലൈ ചെയിന്‍ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.















