അരൂർ: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു. വോട്ടെടുപ്പ് സമയം കഴിഞ്ഞതിന് ശേഷം പോളിങ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയും നിരോധന ഉത്തരവ് ലംഘിക്കുകയും ചെയ്തതിനാണ് നടപടി.
വൈകിട്ട് 6 മണിക്ക് പോളിങ് സമയം അവസാനിച്ചതിന് ശേഷം ബൂത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം ഷാനിമോൾ ലംഘിച്ചതായി പോലീസ് ചൂണ്ടിക്കാട്ടി. ആറുമണിക്ക് ശേഷം ബൂത്ത് കോമ്പൗണ്ടിന് പുറത്തുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെയാണ് തർക്കം ആരംഭിച്ചത്.
ഇതിൽ പ്രതിഷേധിച്ച് ഷാനിമോൾ ഉസ്മാൻ ബൂത്തിന് മുന്നിൽ മൂന്ന് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദീർഘനേരത്തെ പ്രതിഷേധത്തിനൊടുവിൽ ഇവരെ ബൂത്തിനകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും, പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൂച്ചാക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നിരോധന ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളും സ്ഥാനാർത്ഥികളും പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കപ്പെട്ടത് ഗൗരവകരമായാണ് അധികൃതർ കാണുന്നത്.















