ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ നിര്‍ണ്ണായക സൈനിക നീക്കമായ ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭീകരര്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്ന സമയം ഒഴിവാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ‘രണ്‍ സംവാദ്’ ഫോറത്തിലാണ് സൈന്യത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയത്.
ഭീകരക്യാമ്പുകളില്‍ നമസ്‌കാരം നടക്കുന്ന സമയം ആക്രമണത്തിനായി തിരഞ്ഞെടുക്കില്ലെന്ന് സൈന്യം നേരത്തെ തീരുമാനിച്ചിരുന്നു. ‘സബ്കാ മാലിക് ഏക് ഹേ (ദൈവം എല്ലാവര്‍ക്കും ഒന്നാണ്) എന്ന തത്വത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പ്രാര്‍ത്ഥനാ സമയം ഒഴിവാക്കി മറ്റ് സമയങ്ങള്‍ ഓപ്പറേഷനായി നിശ്ചയിച്ചത്,’ അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിന്റെ കൃത്യമായ സമയക്രമവും തന്ത്രപരമായ നീക്കങ്ങളുമാണ് ദൗത്യം വിജയകരമാക്കിയതെന്ന് കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.
2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടി ആരംഭിച്ചത്. പാക് അതിര്‍ത്തിയിലെയും പാക് അധീന കശ്മീരിലെയും ഭീകര പരിശീലന കേന്ദ്രങ്ങളും ലോഞ്ച് പാഡുകളും തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ദൗത്യം ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഒരു വഴിത്തിരിവാണെന്ന് ജനറല്‍ ദ്വിവേദി വിശേഷിപ്പിച്ചു. ഓപ്പറേഷന് ശേഷം ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ (വിവര യുദ്ധസംഘടന), സൈക്കോളജിക്കല്‍ ഡിഫന്‍സ് (മാനസിക പ്രതിരോധ വിഭാഗം) എന്നീ മേഖലകളില്‍ ഇന്ത്യന്‍ കരസേന കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം വിഭാഗങ്ങളുടെ രൂപീകരണത്തിലൂടെ ആധുനിക യുദ്ധതന്ത്രങ്ങളില്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോഴും, സാംസ്‌കാരികവും മാനുഷികവുമായ മര്യാദകള്‍ പാലിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം ലോകത്തിന് മാതൃകയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.














