ന്യുഡൽഹി: കാർഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് [62] അന്തരിച്ചു. ലഡാക്കിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1999-ലെ കാർഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൽ സമാനതകളില്ലാത്ത ധീരത പ്രകടിപ്പിച്ച അദ്ദേഹത്തെ രാജ്യം ‘മഹാവീർ ചക്ര’ നൽകി ആദരിച്ചിട്ടുണ്ട്. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം ജന്മനാടായ ലഡാക്കിലായിരുന്നു അദ്ദേഹം താമസം. ലഡാക്ക് സ്കൗട്ട്സിലെ ധീരനായ ഈ ഉദ്യോഗസ്ഥന്റെ വേർപാട് രാജ്യത്തിന് വലിയൊരു നഷ്ടമാണ്.
ബറ്റാലിക് സെക്ടറിലെ ‘ചോർബത് ലാ’ പിടിച്ചെടുക്കുകയെന്ന അതീവ ദുഷ്കരമായ ദൗത്യമാണ് അന്ന് മേജറായിരുന്ന അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നത്. ലഡാക്ക് സ്കൗട്ട്സിനെ നയിച്ച് 5500 മീറ്റർ ഉയരത്തിലുള്ള മഞ്ഞുപാളികൾക്കിടയിലൂടെ അദ്ദേഹം നടത്തിയ മുന്നേറ്റം സൈനിക ചരിത്രത്തിലെത്തന്നെ സുവർണ അധ്യായമാണ്. കഠിനമായ മഞ്ഞുവീഴ്ചയെപ്പോലും അവഗണിച്ച് ശത്രുകേന്ദ്രങ്ങൾ ആക്രമിച്ച അദ്ദേഹം, ആറ് പാക് സൈനികരെ വധിക്കുകയും തന്ത്രപ്രധാനമായ ഇടങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു.രാജ്യം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾക്ക് ‘സോനം ഒന്ന്’, ‘സോനം രണ്ട്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വാങ്ചുക്കിന്റെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഇന്ത്യൻ കരസേനയും അനുശോചനം രേഖപ്പെടുത്തി. ‘ലഡാക്കിന്റെ അഭിമാനിയായ മകൻ’ എന്ന് വാങ്ചുക്കിനെ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചു.
കാർഗിൽ യുദ്ധസമയത്ത് (ഓപ്പറേഷൻ വിജയ്) സ്വന്തം പ്രവർത്തനങ്ങളിലൂടെയും നേതൃപാടവത്തിലൂടെയും സഹസൈനികർക്ക് വലിയ ആവേശമാണ് അദ്ദേഹം പകർന്നതെന്ന് രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.വാങ്ചുക്കിന്റെ ധീരമായ പോരാട്ടവീര്യം വരുംതലമുറകളിലെ സൈനികർക്ക് എന്നും കരുത്തും പ്രചോദനവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















