കണ്ണൂർ: മുൻ കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി. അനുയായി ജയന്ത് ദിനേശിനൊപ്പമാണ് കെ. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത്. കൂടെ ഉണ്ടായിരുന്ന അനുയായി ജയന്ത് ദിനേശിനെതിരേയും പരാതിയുണ്ട്.
സാധാരണ നിലയിൽ ഓപ്പൺ വോട്ട് ചെയ്യാൻ മാത്രമേ വോട്ടർക്കൊപ്പം ബൂത്തിനുള്ളിൽ ആളെ അനുവദിക്കാവൂ എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചെന്നാണ് പരാതി. വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി, ബൂത്തിനകത്തേക്ക് കെ. സുധാകരന്റെ അനുയായി മൊബൈൽ ഫോൺ കൊണ്ടുപോകുകയും വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ ഉള്ളത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷിജിൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്.ദൃശ്യങ്ങൾ സഹിതമാണ് പരാതി.
എന്നാൽ വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ അനുയായി ജയന്ത് ദിനേശ് പറയുന്നത്. പത്തിലധികം ചാനലുകളുടെ ക്യാമറകളും ഓൺലൈൻ ചാനലുകളുടെ ക്യാമറകളും അവിടെ ഉണ്ടായിരുന്നു. അവരാണ് വീഡിയോ ചിത്രീകരിച്ച് അയച്ചതെന്നാണ് ജയന്ത് ദിനേശ് പറയുന്നത്.















