ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 2030 മാർച്ച് 31 വരെ പ്രാബല്യമുള്ള ഈ പുതിയ നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് വൻ സാമ്പത്തിക ആനുകൂല്യങ്ങളും സബ്സിഡികളുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
ടു-വീലറുകൾക്ക് 30,000 രൂപ വരെ സബ്സിഡി. (ബാറ്ററി ശേഷി അനുസരിച്ച് കിലോവാട്ടിന് 10,000 രൂപ വീതം പരമാവധി 30,000 രൂപ വരെ).ഇ-ഓട്ടോകൾക്ക് 50,000 രൂപ വരെയും ചരക്ക് വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും സബ്സിഡി ലഭിക്കും.
പുതിയ നയപ്രകാരം ഇലക്ട്രിക് വാഹനങ്ങളെ റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീ എന്നിവയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. 30 ലക്ഷം രൂപയ്‌ക്ക് മുകളിൽ വിലയുള്ള ആഡംബര വാഹനങ്ങൾക്ക് ഈ ഇളവുകൾ ബാധകമായിരിക്കില്ല. പഴയ പെട്രോൾ/ഡീസൽ വാഹനങ്ങൾ പൊളിച്ചുനീക്കി പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകും. ബിഎസ്-4 (BS-IV) ലോ അതിന് താഴെയോ ഉള്ള വാഹനങ്ങൾ സ്ക്രാപ്പ് ചെയ്ത് പുതിയ ഇവി വാങ്ങുന്നവർക്ക് 1 ലക്ഷം രൂപ വരെ അധിക ആനുകൂല്യം ലഭിക്കാം.
നഗരത്തിലെ വായുനിലവാരം മെച്ചപ്പെടുത്തുന്നതിനും വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ ഹരിത ഊർജ്ജത്തിലേക്ക് ആകർഷിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.















