തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്ക് നേരെ നിതിന്റെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുമെന്നും യുവജന കമ്മീഷന്‍ വ്യക്തമാക്കി.
ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ ഇടപെട്ടിരുന്നു . കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കണ്ണൂർ സിറ്റി പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ അധ്യാപകൻ ജാതി പറഞ്ഞും മറ്റും അപമാനിച്ചതായി പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
മരണത്തില്‍ ആരോപണ വിധേയരായ ദന്തല്‍ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.















