ശിവഗംഗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈയുടെ മുഖത്തേക്ക് മൊബൈൽ ഫോൺ പതിച്ചു. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ നടത്തിയ പ്രസംഗ പര്യടനത്തിലായിരുന്നു ഈ അനിഷ്ട സംഭവം.
തിരുപ്പത്തൂർ മണ്ഡലത്തിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി സൗത്ത് ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടി നേതാവ് തിരുമാരനാണ് മത്സരിക്കുന്നത്.അണ്ണാമലൈ ഇന്നലെ അദ്ദേഹത്തിന് പിന്തുണയുമായി തിരുപ്പത്തൂർ ബസ് സ്റ്റാൻഡിന് സമീപം പ്രചാരണം നടത്തുകയായിരുന്നു. പ്രചാരണതിനിടെ, ബിജെപിയുടെയും സഖ്യകക്ഷികളുടെയും അനുയായികൾ സ്ഥാനാർത്ഥി തിരുമാരനെയും അണ്ണാമലൈയെയും മാലകളും പൂക്കളും നൽകി സ്വീകരിക്കുകയായിരുന്നു.
നാലു പാടും നിന്ന് പൂക്കൾ എറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, പൂക്കൾക്കൊപ്പം ഒരു മൊബൈൽ ഫോണും പെട്ടെന്ന് വന്നു വീണു. പ്രചാരണ വാഹനത്തിൽ നിൽക്കുകയായിരുന്ന അണ്ണാമലൈയുടെ മുഖത്തേക്കാണ് മൊബൈൽ ഫോൺ വന്നു വീണത്.
പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അൽപ്പം ഞെട്ടിപ്പോയ അണ്ണാമലൈ പിന്നീട് മൊബൈൽ ഫോൺ എടുത്ത് യഥാർത്ഥ ഉടമയ്‌ക്ക് കൈമാറി. പ്രചാരണത്തിനിടെ പൂക്കൾ എറിയുന്നതിനിടെ അപ്രതീക്ഷിതമായി മൊബൈൽ ഫോൺ തെറിച്ചു വീണ സംഭവം സുരക്ഷാ പ്രതിസന്ധിയും സൃഷ്ടിച്ചു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 23-ന് നടക്കാനിരിക്കുകയാണ്. അടുത്ത മാസം നാലിന് വോട്ടെണ്ണൽ ആരംഭിക്കുകയും അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്യും.















