ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായുള്ള നിർണ്ണായക ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ. തേജസ് മാർക്ക്-2 യുദ്ധവിമാനങ്ങൾക്ക് കരുത്തേകുന്ന എഫ്-414 ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക ചർച്ചകൾ വിജയകരമായി പൂർത്തിയായി. അമേരിക്കൻ കമ്പനിയായ ജിഇ എയറോസ്പേസും ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വികസിത രാജ്യങ്ങൾ മാത്രം കൈവശം വെച്ചിരുന്ന അത്യാധുനിക സൈനിക ജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഇതാദ്യമായാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുന്നത്. ഇത് ഇന്ത്യയുടെ ആഭ്യന്തര യുദ്ധവിമാന നിർമ്മാണ മേഖലയ്‌ക്ക് വലിയ കുതിച്ചുചാട്ടമാകും. കരാർ ഒപ്പിട്ട് രണ്ട് വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ എൻജിൻ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലൈൻ പ്രവർത്തനസജ്ജമാകും. നിലവിൽ പദ്ധതി വാണിജ്യപരമായ ചർച്ചകളുടെ അവസാന ഘട്ടത്തിലാണ്.
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അത്യാധുനിക തേജസ് മാർക്ക്-2 യുദ്ധവിമാനങ്ങളിലായിരിക്കും ഈ എൻജിനുകൾ പ്രധാനമായും ഉപയോഗിക്കുക. ഇതിനൊപ്പം തന്നെ നിലവിൽ തേജസ് മാർക്ക്-1എ വിമാനങ്ങളിൽ ഉപയോഗിക്കുന്ന എഫ്-404 എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി ഇന്ത്യയിൽ ഒരു പ്രത്യേക കേന്ദ്രം (Maintenance, Repair, and Overhaul) സജ്ജീകരിക്കും. ഇന്ത്യൻ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഈ കേന്ദ്രത്തിന് ആവശ്യമായ സാങ്കേതിക സഹായവും പരിശീലനവും ജിഇ ലഭ്യമാക്കും.
എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാം. ഇത് പണം ലാഭിക്കുന്നതിനൊപ്പം യുദ്ധവിമാനങ്ങൾ വേഗത്തിൽ സജ്ജമാക്കാനും സഹായിക്കും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ കരാർ വലിയ കരുത്താകും.















