തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതിന് പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയും കോളജിലെ വിചാരണയും. ഇൻസ്റ്റ പേ എന്ന ആപ്പിൽ നിന്ന് ഏപ്രിൽ ഒൻപതിന് 98 സന്ദേശങ്ങളാണ് എത്തിയത്. നിതിന്റെ പ്രിയപ്പെട്ട ടീച്ചർ ലതയ്‌ക്ക് ആപ്പിൽ നിന്ന് സന്ദേശം എത്തിയതും ദുഃഖിതനാക്കി. ടീച്ചർ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് ആത്മഹത്യ എന്നാണ് വിവരം.
അമ്മയുടെ ചികിത്സ ചെലവിനായി നിതിൻ ലോൺ ആപ്പിൽ നിന്നും പണം കടമെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെയാണ് ലത ടീച്ചർക്ക് അടക്കം ഭീഷണി സന്ദേശം എത്തിയത്. ഇതിന് പിന്നാലെ പ്രിൻസിപ്പൽ നിതിൻ രാജിനെ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പൽ നിതിന്റെ ഫോൺ പിടിച്ചുവച്ചു എന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതിനിടെ നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞ് കൊണ്ട് ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിതിന് അനിഷ്ടമായ എന്തോ കാര്യം നടന്നിട്ടുണ്ടെന്നാണ് പൊലീസിനറെ വിലയിരുത്തൽ. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.















