മുംബൈ: ഐപിഎല്ലിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് പിന്നാലെ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യന്‍ ദേശീയ ടീമിലേക്ക്. ജൂണില്‍ നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ട്വന്റി-20 ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡാകും തിരുത്തപ്പെടുക.
16-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറും. അയര്‍ലന്‍ഡ് ടൂറിനായുള്ള ചുരുക്കപ്പട്ടികയില്‍ വൈഭവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജൂണ്‍ 26, 28 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരെയുള്ള ടി20 പോരാട്ടങ്ങള്‍. ഇവിടെ മികവ് തെളിയിച്ചാല്‍ ജൂലൈയിലെ സിംബാബ്വെ പര്യടനത്തിലും താരത്തിന് അവസരം ലഭിക്കും.
വൈഭവിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ രംഗത്തെത്തി. 2026 ഐപിഎല്‍ സീസണില്‍ താരം കാഴ്ചവെച്ച പ്രകടനം അവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്രയും ചെറിയ പ്രായത്തില്‍ ഇത്ര വലിയ പ്രതിഭയെ കണ്ടെത്തുന്നത് അപൂര്‍വ്വമാണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനാകാന്‍ വൈഭവ് എല്ലാവിധത്തിലും അര്‍ഹനാണ്.’
അരുണ്‍ ധുമല്‍ എക്‌സില്‍ കുറിച്ചത്.
മികച്ച ഫോമിലുള്ള ഈ ഇടങ്കയ്യന്‍ ബാറ്റര്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.















