അമരാവതി: മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ നൂറിലധികം പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഞെട്ടിക്കുന്ന വിവരം പുറത്ത്. സംഭവത്തില്‍ പറത്വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തന്‍വീര്‍) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 180-ഓളം പെണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കിയതായാണ് പ്രാഥമിക വിവരം. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പ്രണയം നടിച്ചാണ് ഇയാള്‍ വശത്താക്കിയിരുന്നത്. പെണ്‍കുട്ടികളെ രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ വീണ്ടും ചൂഷണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
ഇത്തരത്തില്‍ 350-ഓളം അശ്ലീല വിഡിയോകള്‍ ഇയാള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്. വാട്സാപ്പ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകള്‍ വഴി പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നത്. രാജ്യസഭാ എംപി അനില്‍ ബോണ്ടെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി മുഹമ്മദ് അയാസിന് എഐഎംഐഎം പാര്‍ട്ടിയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍പ് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍, അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് രാഷ്‌ട്രീയ ബന്ധം വെളിപ്പെടുത്തുന്ന വീഡിയോകള്‍ നീക്കം ചെയ്തിരുന്നു. പ്രതിയെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതി ഈ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും അന്താരാഷ്‌ട്ര അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നു. പ്രതിക്ക് മറ്റ് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. അത്യന്തം ഗൗരവകരമായ ഈ കേസ് ജെഫ്രി എപ്സ്‌റ്റൈന്‍ കേസിലെ ക്രൂരതകളെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.















