പട്ന: ബിഹാർ രാഷ്‌ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാറിന്റെ ചരിത്രത്തിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ബിജെപി നേതാവാണ് അദ്ദേഹം. പട്‌നയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ സാമ്രാട്ട് ചൗധരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
10 തവണയായി 20 വര്‍ഷക്കാലം ബിഹാറിൽ മുഖ്യമന്ത്രിയായിരുന്നുവെന്ന റെക്കോര്‍ഡുമായാണ് നിതീഷ് പടിയിറങ്ങിയത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ച പ്രധാന ഘടകം. നേരത്തെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി ധനകാര്യം, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം ജനതാദൾ യുണൈറ്റഡ് (ജെഡിയു) പ്രതിനിധികളായി രണ്ട് പ്രമുഖ നേതാക്കൾ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവിന്റെ മുതിർന്ന നേതാവായ വിജയ് കുമാറും വിജേന്ദ്ര പ്രസാദ് യാദവുമാണ് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.
സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ ബിഹാർ വലിയ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിഹാറിന്റെ വികസനത്തിനും സുഭരണത്തിനും പുതിയ സർക്കാർ മുൻഗണന നൽകുമെന്ന് അധികാരമേറ്റ ശേഷം സാമ്രാട്ട് ചൗധരി പ്രതികരിച്ചു.















